തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ പള്ളിക്കര ഇമാദിനെതിരെ കേസെടുത്തു. വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ രോഗത്തില്‍ നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോര്‍ന്നതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍, കാസര്‍ഗോഡ് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസര്‍ഗോഡെ രോഗികളുടെ രേഖ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തില്‍ മുന്നില്‍ നിന്നത് ഇയാളായിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ കേസുകള്‍ പോസിറ്റീവാകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്ട്സാപ്പ് പ്രചാരണം നടത്തുന്നത് കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post