ഡൽഹി: കൊറോണയ്ക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും ഇന്ത്യയിലേക്ക്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് ആഫ്രിക്കൻ പന്നിപ്പനി എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സ്‌വൈൻ ഫ്ലൂവിന്റെ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിന് ശേഷം അസമില്‍ മാത്രം 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധിച്ചു ചത്തത് എന്നാണ് കണക്ക്.
ഈ രോഗം ബാധിക്കുന്ന പന്നികള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല. ഇതോടെ ഇന്ത്യയിലെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു പന്നികളില്‍ എഎസ്എഫ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് പോലെ ഈ വൈറസും ചൈനയില്‍നിന്നാണു പടര്‍ന്നിരിക്കുന്നതെന്ന് അസം ആരോപിക്കുന്നു.
2018നും 2020നും ഇടയില്‍ ചൈനയിലെ 60% വളര്‍ത്തു പന്നികളാണ് എഎസ്എഫ് ബാധിച്ചു ചത്തത്. 2019 നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിന്റെ മേഖലകളിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അസമിന്റെ കിഴക്കന്‍ മേഖലയില്‍ ഏപ്രില്‍ പകുതിയോടെ പന്നികള്‍ ചത്തു തുടങ്ങിയിരുന്നു.
രോഗബാധ നേരിടുന്നതിന് വേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പിഗ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും വനംവകുപ്പിനും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ബാധിച്ച എല്ലാ പന്നികളെയും കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം പടരുന്നതു തടയാന്‍ പ്രയാസമാണ്. രോഗമുള്ള പന്നികളെ കൊല്ലുകയും മറ്റുള്ളവയെ മാറ്റിനിര്‍ത്തുകയുമാണ് ഏക പോംവഴിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.











