ന്യൂയോര്‍ക്ക്: ആഫ്രിക്കക്ക് കനത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊറോണ വ്യാപനമുണ്ടായാല്‍ ആദ്യ വര്‍ഷം ആഫ്രിക്കയില്‍ 83,000 മുതല്‍ 1,90,000 വരെ ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുമെന്നും 49 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
അതേസമയം ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലായി 3,916,338 കൊറോണ രോഗികളാണുള്ളത്. 270,711 പേരാണ് കൊറോണ ബാധിച്ച് ലോകത്താകെ ഇതുവരെ മരിച്ചത്. 1,343,054 പേര് രോഗമുക്തി നേടിയെന്നും കണക്കുകള്‍.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തോളമായി. കഴിഞ്ഞ ദിവസങ്ങളിലായി 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 1,292,623 ആയി. മരണസംഖ്യ 76,928 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലും കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ബ്രിട്ടനില്‍ മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. വൈറസ് വ്യാപനം കനത്ത പ്രഹരമേല്‍പ്പിച്ച ബ്രിട്ടനില്‍ 206,715 കൊറോണ കേസുകളും 30,615 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
സ്പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരണപ്പെട്ടു. ഫ്രാന്‍സിനേയും ജര്‍മനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാമത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയില്‍ കൊറോണ ബാധിച്ചത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 177,160 ആയി. 1625 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റഷ്യക്കും ബ്രസീലിലും തുര്‍ക്കിയിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
Discussion about this post