തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് സൂചന. ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12 കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. മഴയും ഇടിമിന്നലും മെയ് 12 വരെ തുടരുമെന്നും പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് ശേഷമുണ്ടാകുന്ന ശക്തമായ മഴയും ഇടിമിന്നലും രാത്രി 10 മണി വരെ നീണ്ടു നിൽക്കാമെന്നും ചില സ്ഥലങ്ങളിൽ രാത്രി വൈകിയും ഇത് തുടരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.











