റിയാദ് : ഇന്ത്യൻ യാത്രക്കാരുമായുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം സൗദിയിൽ നിന്നും പുറപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനം യാത്ര തിരിച്ചത്.148 മുതിർന്നവരും നാല് കുട്ടികളുമുൾപ്പെടെ 152 യാത്രക്കാരാണ് വിമാനത്തിലുള്ളത്.യാത്രക്കാരിൽ എഴുപതോളം ഗർഭിണികളുമുൾപ്പെടുന്നു.ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ ടെർമിനൽ ലോബിയിലേക്ക് പറഞ്ഞുവിട്ടതെന്ന് റിയാദ് എയർപോർട്ടിലെ ഡ്യൂട്ടി മാനേജർ പറഞ്ഞു.തെർമൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് യാത്രക്കാരെ വിധേയമാക്കിയിട്ടുണ്ട്.
കോവിഡ് ലോകവ്യാപകമായി പടർന്ന സാഹചര്യത്തിൽ സൗദിയിൽ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് ഇന്ന് റിയാദിൽ നിന്നും പുറപ്പെട്ടത്.യാത്രക്കാരോട് എല്ലാ വിധത്തിലുമുള്ള മുൻകരുതലുകളുമെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.അതിന്റെ ഭാഗമായി എല്ലാ യാത്രക്കാരും ശാരീരിക അകലം പാലിച്ച്, മാസ്ക്കും ഗ്ലൗസുകളുമൊക്കെ ധരിച്ചാണ് യാത്ര ചെയ്യുന്നത്.











