ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരെ വകവരുത്തുന്നതിനിടെ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയുടെ ചിതാഭസ്മം ജയ്പൂരിലെ യുദ്ധസ്മാരകത്തിൽ അർപ്പിച്ച് ഭാര്യ പല്ലവി ശർമ്മ. രാജ്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച ധീരസൈനികനായ ഭർത്താവിനോടുള്ള ആദരസൂചകമായാണ് ചിതാഭസ്മം ജയ്പൂരിലെ ആർമി കമാൻഡ് യുദ്ധസ്മാരകത്തിൽ സമർപ്പിച്ചതെന്ന് പല്ലവി ശർമ്മ വ്യക്തമാക്കി.
കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ ഭീകരരെ തുരത്തുന്നതിനിടയിലാണ് സേനയുടെ 21 രാഷ്ട്രീയ റൈഫിൾസിലെ നാല് സൈനികർക്കൊപ്പം കേണൽ അശുതോഷ് ശർമ്മയും വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ച ഭർത്താവിനെ കണ്ണീർ വീഴ്ത്തി അപമാനിക്കില്ലെന്ന പല്ലവി ശർമ്മയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതായിരുന്നു ഈ പ്രവൃത്തി.
രണ്ട് തവണ വിശിഷ്ട സേവനത്തിനുള്ള ധീരതാ പുരസ്കാരം നേടിയ ഉദ്യോഗസ്ഥനായിരുന്നു കേണൽ ശർമ്മ. മെയ് 2ന് നടന്ന ഏറ്റുമുട്ടലിൽ കേണൽ അശുതോഷ് ശർമ്മയ്ക്കൊപ്പം മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേശ്, ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ഷക്കീൽ ഖാസി എന്നിവരും വീരമൃത്യു വരിച്ചിരുന്നു. ഒരു വീടിനുള്ളിൽ ജനങ്ങളെ ബന്ദികളാക്കി വെച്ചിരുന്ന ഭീകരർക്കെതിരെ നടന്ന പോരാട്ടത്തിൽ ബന്ദികളെ മോചിപ്പിച്ച ശേഷം ഭീകരരെയും വകവരുത്തവെയായിരുന്നു സൈനികർ വീരമൃത്യു വരിച്ചത്.
Discussion about this post