കാബൂൾ; അഫ്ഗാനിസ്ഥാനിലെ മാതൃ- ശിശു ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടിയുടെ പേശികൾക്കും അസ്ഥികൾക്കും വെടിയേറ്റതിനാൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. കാലിനും അസ്ഥികൾക്കും ശസ്ത്രക്രിയ അനിവാര്യമാണെന്നും അവർ പറഞ്ഞു.
ജനിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് ആമിനയ്ക്ക് ഭീകരാക്രമണത്തിന്റെ ഇരയാകേണ്ടി വന്നത്. ആക്രമണത്തിൽ കുഞ്ഞിന് അവളുടെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും ശസ്ത്രക്രിയ വിജയകരമായതിനാൽ അത് വേണ്ടി വന്നില്ലെന്ന് പിതാവ് റഫിയുള്ള പറഞ്ഞു.
ആക്രമണത്തിൽ നിരവധി കുഞ്ഞുങ്ങൾക്ക് അമ്മമാരെ നഷ്ടമായിരുന്നു. ഇത്തരത്തിലുള്ള കുട്ടികളെ ഏറ്റെടുക്കാൻ നിരവധി പേർ കാബൂളിലെ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.
ചൊവ്വാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാനിലെ മാതൃ- ശിശു ആശുപത്രിയുടെ നേർക്ക് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗർഭിണികളെയും കുഞ്ഞുങ്ങളെയും ചികിത്സിക്കുന്ന ആശുപത്രിയുടെ നേർക്ക് നടന്ന ആക്രമണത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണം എന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.












