ഒമ്പത് വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ നെയ്യാറ്റിൻകര വ്ലാത്താങ്കരയെ നടുക്കി ദാരുണമായ കൊലപാതകം. കല്യാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്. വ്ലാത്താങ്കര ആർസി ചർച്ചിന് സമീപം താമസിക്കുന്ന അൽമ (33) ആണ് ഭർത്താവ് വിഷ്ണുനാഥിന്റെ (36) ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ വിഷ്ണുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണുനാഥും അൽമയും ഒമ്പത് വർഷം മുൻപ് വിവാഹിതരായത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. കൃത്യം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വാക്കുതർക്കത്തിനിടെ പ്രകോപിതനായ വിഷ്ണുനാഥ് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അൽമയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
മരണ വെപ്രാളത്തിൽ അൽമ നിലവിളിച്ചതുകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടർന്ന പ്രതിയെ പോലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്. വിഷ്ണുനാഥിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരായിട്ടും ഇത്തരമൊരു ക്രൂരതയിലേക്ക് വിഷ്ണുനാഥ് എത്തിയത് നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അൽമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.












