ലേ: കാർഗിൽ ജില്ല കൊവിഡ് രോഗമുക്തമായതായി ലഡാക്ക് മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കാർഗിലിലെ കൊവിഡ് 19 പ്രത്യേക ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരനും ആശുപത്രി വിട്ടതോടെയാണ് കാർഗിൽ കൊവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ടത്.
കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആറ് പേർ നേരത്തെ ആശുപത്രി വിട്ടിരുന്നു. രണ്ടു വയസ്സുകാരനൊപ്പം ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്കും രോഗം ഭേദമായിട്ടുണ്ട്. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനവും സർക്കാർ സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവും ജനങ്ങളുടെ സഹകരണവുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ വിട്ടു വീഴ്ചയില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും ലഡാക്ക് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
Discussion about this post