പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീഡിയുടെ കശ്മീർ പരാമർശത്തിൽ ഇന്ത്യൻ താരങ്ങളുടെ ശക്തമായ പ്രതികരണം തുടരുന്നു. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യുവരാജ് സിങ്, ശിഖർ ധവാൻ, ഗൗതം ഗംഭീർ എന്നിവർക്കു പിന്നാലെ സുരേഷ് റെയ്നയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നു.
കശ്മീരിയായതിൽ അഭിമാനിക്കുന്ന ഒരാളാണ് താനെന്നും കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും റെയ്ന ട്വീറ്റ് ചെയ്തു. മുഖ്യധാരയിൽ സജീവമായി നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഫ്രീദിയുടെ അനാവശ്യ പ്രസ്താവനകളെന്നും താരം പരിഹസിച്ചു.
‘ഹോ, മുഖ്യധാരയിൽ സജീവമായി നിൽക്കാൻ ഓരോരുത്തർ അനുഭവിക്കുന്ന ബുദ്ധിമുട്ട്! അതും വല്ലവരുടെയും കാരുണ്യത്തിൽ ഇന്നും നിലനിൽക്കുന്ന രാജ്യമാണെന്ന് ഓർക്കണം. കശ്മീരിനെ വെറുതെവിട്ട് ഭൂലോക തോൽവിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്. കശ്മീരിയായതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ജയ് ഹിന്ദ്‘;- റെയ്ന ട്വീറ്റ് ചെയ്തു.
https://twitter.com/ImRaina/status/1262042459036516353
നിലവിൽ ഉത്തർപ്രദേശിലാണ് താമസമെങ്കിലും സുരേഷ് റെയ്നയുടെ കുടുംബത്തിന്റെ വേരുകൾ കശ്മീരിലാണ്. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ത്രിലോക് ചന്ദ് കശ്മീരി പണ്ഡിറ്റ് വംശജനാണ്.
നേരത്തെ പാക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് അഫ്രീദി ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇന്ന് ലോകം വലിയ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്നാൽ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്താന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. പക്ഷേ ഏഴു ലക്ഷം വരുന്ന പാക് ആർമിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്.’- ഇതായിരുന്നു അഫ്രീഡിയുടെ പരാമർശം.
ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ താരങ്ങൾ രംഗത്ത് വന്നിരുന്നു.
‘ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ട് ഏഴ് ലക്ഷം വരുന്ന പാകിസ്ഥാൻ സൈന്യത്തിന് എന്നാണ് അഫ്രീഡി പറയുന്നത്. എങ്കിലും അവർ കഴിഞ്ഞ എഴുപത് വർഷങ്ങളായി കശ്മീരിന് വേണ്ടി യാചിക്കുകയാണ്. അഫ്രീഡിയെയും ഇമ്രാനെയും ബജ്വയെയും പോലുള്ള കോമാളികൾ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പുന്നത് പാകിസ്ഥാനി ജനതയെ വിഡ്ഢികളാക്കാൻ വേണ്ടിയാണ്. എന്നാൽ ഇതു കൊണ്ടൊന്നും കശ്മീർ സ്വന്തമാക്കാമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതേണ്ടതില്ല. ബംഗ്ലാദേശിന്റെ കഥ ഓർമ്മയുണ്ടല്ലോ അല്ലേ?‘- ഇതായിരുന്നു ബിജെപി എം പിയും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറിന്റെ പ്രതികരണം.
Pak has 7 lakh force backed by 20 Cr ppl says 16 yr old man @SAfridiOfficial. Yet begging for Kashmir for 70 yrs. Jokers like Afridi, Imran & Bajwa can spew venom against India & PM @narendramodi ji to fool Pak ppl but won't get Kashmir till judgment day! Remember Bangladesh?
— Gautam Gambhir (Modi Ka Parivar) (@GautamGambhir) May 17, 2020
അഫ്രീഡിയുടെ ഇന്ത്യാ വിരുദ്ധ പരാമർശത്തിനെതിരെ മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗും രംഗത്തെത്തിയിരുന്നു. ‘നമ്മുടെ രാജ്യത്തെ കുറിച്ച് അസംബന്ധം പറയാൻ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. അയാൾ സ്വന്തം രാജ്യത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്നതാണ് നല്ലത്. ഈ രാജ്യത്താണ് ഞാൻ ജനിച്ചത്. ഇവിടത്തന്നെ മരിക്കുകയും ചെയ്യും. 20 വർഷത്തോളം രാജ്യത്തിനായി കളിച്ചു. ഒട്ടേറെ മത്സരങ്ങളിൽ വിജയവും നേടിക്കൊടുത്തു. എന്നെക്കൊണ്ട് രാജ്യത്തിന് എന്തെങ്കിലും ആവശ്യം വന്നാൽ, അതിപ്പോൾ അതിർത്തി കാക്കാനായാലും ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും.‘- ഇതായിരുന്നു ഹർഭജൻ സിംഗിന്റെ പ്രതികരണം.
അഫ്രീഡിയുടെ ജീവകാരുണ്യ സംരംഭമായ ഷാഹീദ് അഫ്രീഡി ഫൗണ്ടേഷന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തുകയാണെന്നും ഹർഭജൻ വ്യക്തമാക്കി. ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവർക്ക് കൈത്താങ്ങാവണമെന്ന ആഗ്രഹത്തോടെയാണ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത്. അതിൽ സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ പാക് അധീന കശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണ്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരു സഹകരണത്തിനുമില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നുവെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ അഫ്രീദിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി യുവരാജ് സിംഗും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധയ്ക്കിടെ കശ്മീർ വിഷയവുമായി അഫ്രീദി രംഗത്തെത്തിയതിൽ ശിഖർ ധവാൻ അദ്ഭുതം രേഖപ്പെടുത്തിയിരുന്നു.
Discussion about this post