ജമ്മു: ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്ത ഹിസ്ബുൾ ഭീകരൻ റുഷ്താം അലിയെ എൻ ഐ എ പിടികൂടി. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ എൻ ഐ എ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ഭീകരർ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഹിസ്ബുൾ ഭീകരരായ നിസാർ അഹമ്മദ് ഷെയ്ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസൈൻ എന്നിവരെ കഴിഞ്ഞ സെപ്റ്റംബറിൽ കശ്മീർ പൊലീസ് പിടികൂടിയിരുന്നു.
ചന്ദ്രകാന്ത് ശർമ്മയ്ക്കു പുറമെ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറും മേഖലയിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾ കിഷ്ത്വാറിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴി വെച്ചിരുന്നു. കിഷ്ത്വാറിൽ പ്രസക്തി നഷ്ടപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീനെ വർഗ്ഗീയ കലാപങ്ങളിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഹിസ്ബുൾ നേതാവ് ജഹാംഗീർ സരൂരി ആസൂത്രണം ചെയ്ത ബിജെപി- ആർ എസ് എസ് നേതാക്കളുടെ കൊലപാതകങ്ങൾ.
Discussion about this post