തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ജീപ്പ് പാഞ്ഞുകയറി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശിനി തന്‍സി ബഷീറാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തന്‍സിക്ക് വ്യാഴാഴ്ച രാവിലെ മൂന്നു തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന തന്‍സി വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മരണമടയുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
സംഭവത്തില്‍ കോളജിലെ 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജീപ്പോടിച്ചിരുന്ന കോളജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയും കണ്ണൂര്‍ സ്വദേശിയുമായ ബൈജുവിനെതിരേ പോലീസ് മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. പ്രതികളെല്ലാവരും ഒളിവിലാണെന്നാണു പോലീസ് ഭാഷ്യം. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓണ്‌ഘോഷത്തിന്റെ ഭാഗമായി ‘ചെകുത്താന്‍’ എന്ന ലോറിയിലും ജീപ്പിലും നൂറോളം ബൈക്കുകളിലുമായി വിദ്യാര്‍ഥികളുടെ വന്‍സംഘം ഘോഷയാത്ര പോലെ കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാഹനങ്ങള്‍ ഉള്ളില്‍ കയറുന്നതു തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണു വാഹനഘോഷയാത്ര അകത്തു പ്രവേശിച്ചത്. ക്യാംപസിലൂടെ നടന്നു പോകുകയായിരുന്ന തന്‍സിയെ ഇതിനിടെ ജീപ്പ് ഇടിച്ചിട്ടു. അകത്തേക്കു പോകേണ്ട വഴിയിലൂടെ ജീപ്പ് പുറത്തേക്ക് ഓടിച്ചിറക്കിയപ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.
Discussion about this post