കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു വിജയിപ്പിച്ചുവെന്ന അഭിമാനകരമായ നേട്ടത്തിനിടയിലും കേരളത്തിന് അപമാനമായി അദ്ധ്യാപികമാർക്കെതിരായ സൈബർ ആക്രമണങ്ങൾ. വിക്ടേഴ്സ് ചാനലിന്റെ യൂട്യൂബ്/ഫേസ്ബുക്ക് പേജുകളിലാണ് അശ്ലീല കമന്റുകളും മര്യാദയില്ലാത്ത ട്രോളുകളുമായി ഒരു വിഭാഗം നിറഞ്ഞാടിയത്.
അദ്ധ്യാപികമാർ അണിഞ്ഞിരിക്കുന്ന വേഷത്തിന്റെ പേരിൽ പോലും ട്രോൾ/ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അപമാനിച്ച മലയാളികളെക്കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോട് കൂടിയാണ് റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. പ്ലസ് ടു ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്ത അദ്ധ്യാപികയ്ക്കെതിരെയാണ് ഏറ്റവും മോശമായ തരത്തിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞിരിക്കുന്നത്.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണങ്ങളുമായി അദ്ധ്യാപികമാർ നേരിട്ട് രംഗത്തെത്തി. ഇത് വലിയ ഒരു വിഭാഗം മനുഷ്യരുടെ മനോവൈകൃതമാണെന്ന് ഓൺലൈൻ മാദ്ധ്യമമായ ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ ഒരു അദ്ധ്യാപിക വെളിപ്പെടുത്തി. തങ്ങൾ ക്ലാസ്സിൽ സ്വീകരിക്കുന്ന അതേ അദ്ധ്യാപന മാർഗ്ഗമാണ് ഇവിടെയും സ്വീകരിച്ചതെന്നും ക്രിയാത്മകമായ നെഗറ്റീവ് കമന്റുകളെ അംഗീകരിക്കുന്നുവെന്നും എന്നാൽ സൈബർ ആക്രമണങ്ങൾ ഒരു വിഭാഗം ജനങ്ങളുടെ മനോഭാവത്തിന്റെ ഭാഗമാണെന്നും അദ്ധ്യാപികയായ രതി നായർ വ്യക്തമാക്കി.
ഒന്നാം ക്ലാസ്സിലെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്ത അദ്ധ്യാപികയ്ക്കെതിരെയും മോശം പരാമർശങ്ങൾ ഉണ്ടായി. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നിരവധി പേർ രംഗത്ത് വന്നു. ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ച് മികച്ച അഭിപ്രായം ജനങ്ങൾക്കിടയിൽ രൂപപ്പെടുമ്പോഴും വിക്ടേഴ്സ് ചാനലിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ ഒരു വശത്ത് മുറുകുകയാണ്. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കത്തതിന്റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സർക്കാരിന് നാണക്കേടായിരിക്കുകയാണ് ഇത്തരം സംഭവങ്ങൾ.












