ഇസ്ലാമാബാദ്: പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാന്‍ മാലിക്കിനെതിരെ പീഡന ആരോപണവുമായി പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി.റിച്ചി രംഗത്ത്. 2011-ല്‍ റഹ്മാന്‍ മാലിക് മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പെച്ചെന്നാണ് സിന്തിയ ഡി.റിച്ചിയുടെ ആരോപണം. റഹ്മാന്‍ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പാകിസ്ഥാനില്‍ താമസമാക്കിയ സിന്തിയ ഡി.റിച്ചി വെളിപ്പെടുത്തിയത്.
ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും തന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. നിഷ്പക്ഷ, അന്വേഷണാത്മക പത്രപ്രവര്‍ത്തകന് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോകുകയാണെന്നും അവര്‍ പറഞ്ഞു.
സിന്തിയ ഡി.റിച്ചിക്കെതിരെ പിപിപി പെഷാവര്‍ ജില്ലാ പ്രസിഡന്റ് സുല്‍ഫീഖര്‍ അഫ്ഗാനി കഴിഞ്ഞ ആഴ്ച ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും അവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് ഇരുവരേയും സിന്തിയ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.
‘ഇന്‍സെന്റ് കറസ്‌പോണ്ടന്‍സ്:ബേനസീര്‍ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ജീവിതം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ സിന്തിയ ഡി.റിച്ചി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പരാതിക്ക് അടിസ്ഥാനം. ബേനസീര്‍ ഭൂട്ടോ, മകനും പിപിപിയുടെ നിലവിലെ ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഷെറി റഹ്മാന്‍ എന്നിവരുടെ രഹസ്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്.
പാകിസ്ഥാനെ പോലുള്ള ഒരു ഇസ്ലാമിക രാജ്യത്തിന് അനുയോജ്യമാകാത്ത രീതിയിലും സാഹചര്യങ്ങളിലുമുള്ള പിപിപി നേതാക്കളുടെ ചിത്രങ്ങളും അമേരിക്കന്‍ ബ്ലോഗര്‍ പുറത്തുവിടുകയുണ്ടായി. പിപിപി നേതാക്കാള്‍ മദ്യപിക്കുന്നതും സ്ത്രീകള്‍ക്കൊപ്പം നൃത്തമാടുന്നതും ചൂതാട്ടം നടത്തുന്നതുമായ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
അതേസമയം സിന്തിയ ഡി.റിച്ചിയുടെ ആരോപണത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പിപിപി.
Discussion about this post