പട്ന : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മൂന്നു മുതിര്‍ന്ന നേതാക്കളും പട്നയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന്റെ ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഏതാണ്ട് 40 മിനിറ്റ് നേരം ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. അമിതഭാരം മൂലമാണ് ലിഫ്റ്റ് കേടായതെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബിജെപിയും നിതീഷ് കുമാറും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ആരോപിക്കുന്നത്.
ഇന്നലെ രാത്രി 11.30 മുപ്പതോടെയാണ് സംഭവം. താഴത്തെ നിലയില്‍ നിന്നു ഒന്നാം നിലയിലേക്ക് പോവുകയായിരുന്നു അമിത് ഷായും സംഘവും. ഇതിനിടെ ലിഫ്റ്റ് കേടാവുകയായിരുന്നു. ഈ സമയം ലിഫ്റ്റ് ഓപ്പറേറ്റര്‍ സ്ഥലത്തില്ലായിരുന്നു. ലിഫ്റ്റിനുള്ളില്‍ നേതാക്കളുടെ മൊബൈല്‍ ഫോണിന് റെയ്ഞ്ചും ലഭിച്ചില്ല. അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്ന സിആര്‍പിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ലിഫ്റ്റ് തകര്‍ത്ത് ഇവരെ രക്ഷിച്ചത്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ബിജെപി ബിഹാര്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഗസ്റ്റ് ഹൗസിലെ ലിഫ്റ്റ് പുതിയതാണെന്നും 340 കിലോ ഭാരം വരെ താങ്ങാനുള്ള കഴിവ് ഇതിനുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
അമിത് ഷായ്ക്കൊപ്പം അഞ്ചിലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നും സാധാരണ നാലു പേര്‍ക്ക് മാത്രമാണ് ലിഫ്റ്റില്‍ ഒരുമിച്ച് കയറാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ പറയുന്നു.
Discussion about this post