പാലക്കാട് : വായില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികളെ ഇനിയും പിടികൂടാനാവാതെ പോലീസ്.പ്രതികള്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീം, മകന് റിയാസുദ്ദീന്‍ എന്നീ പ്രതികളെ പിടികൂടാനായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ് തീരുമാനിച്ചത്.
കേസിലെ മൂന്നാം പ്രതിയായ ഇവരുടെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി വില്‍സനെ ജൂണ്‍ അഞ്ചിന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ മുഖ്യ പ്രതികള്‍ക്കായി വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തിയിട്ടും പിടികൂടാനായില്ല. ഇതിനിടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും കിട്ടിയില്ലെങ്കില്‍ കോടതിയില്‍ കീഴടങ്ങുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു,എന്നാല്‍ ഇതുവരെയായിട്ടും പ്രതികള്‍ കീഴടങ്ങാനും തയ്യാറായിട്ടില്ല.
മെയ് 27-നാണ് തിരുവിഴാംകുന്ന് വെള്ളിയാര്‍ പുഴയില്‍ കാട്ടാന ചരിയുന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post