ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം.ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് കേന്ദ്രസർക്കാർ.ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അവശ്യ വസ്തുക്കളല്ലാത്ത ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുന്നതിൽ കേന്ദ്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ചൈനയ്ക്ക് നൽകിയ റെയിൽവേ അറ്റകുറ്റ പണിയുടെ കരാർ ഇന്നലെ ഇന്ത്യ റദ്ദാക്കിയിരുന്നു.ലഡാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് രാജ്യമെമ്പാടും ചൈനീസ് വിരുദ്ധ പ്രതിഷേധം അഴിച്ചു വിട്ടിട്ടുണ്ട്. സച്ചിൻ, അമിതാഭ് ബച്ചൻ അക്ഷയ്കുമാർ തുടങ്ങി വൻകിട സെലിബ്രിറ്റികൾ അടക്കം ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇറക്കുമതിയുടെ 14 % ശതമാനത്തോളം ചൈനീസ് ഉൽപ്പന്നങ്ങളാണ്. ഇതിലേറ്റവും കൂടുതൽ ക്ലോക്ക്, വാച്ച്, കളിപ്പാട്ടങ്ങൾ, സംഗീത ഉപകരണങ്ങൾ പോലുള്ളവയാണ്.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതോടൊപ്പം ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി കേന്ദ്രം ജനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.സ്വദേശ നിർമ്മിത വസ്തുക്കൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം.
Discussion about this post