തിരുവനന്തപുരം : സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തിന്റെ ഭദ്രത ഉറപ്പു വരുത്താന്‍ തൊഴില്‍ വകുപ്പിന്റെ പുതിയ പദ്ധതി. തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം ബാങ്ക് വഴി മാത്രമാണു നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ തൊഴില്‍ വകുപ്പ് വേതനസുരക്ഷാ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ലാബുകള്‍, സ്കാനിങ് സെന്ററുകള്‍, വന്‍കിട ഹോട്ടലുകള്‍, സെക്യൂരിറ്റി ഏജന്‍സികള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍, സോഫ്റ്റ്വെയര് സ്ഥാപനങ്ങള്‍, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരെയാണ് ഇതിന്റെ പരിധിയില്‍ കൊണ്ടുവരിക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം പദ്ധതി.
വേതന സുരക്ഷാ പദ്ധതിക്കായി കെല്‍ട്രോണിന്റെ സഹായത്തോടെ തൊഴില്‍വകുപ്പു വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര് വഴി തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്യുകയും തൊഴിലാളികള്‍ക്കു നല്‍കേണ്ട വേതനവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യണം. പദ്ധതി നടപ്പിലാകുന്നതോടെ, തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കുന്നുണ്ടെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സ്ഥാപനം പരിശോധിക്കാതെ തന്നെ ഉറപ്പു വരുത്താം. തൊഴിലാളികള്‍ക്ക് അവരുടെ ശമ്പള സ്ലിപ് ആവശ്യാനുസരണം പ്രിന്റ് ചെയ്തെടുക്കാം.
പദ്ധതി നടപ്പാക്കാനായി മിനിമം വേജസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. പേമെന്റ് ഓഫ് വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണു പദ്ധതി യാഥാര്‍ഥ്യമാകാന്‍ വഴിതെളിഞ്ഞത്.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ തൊഴിലാളികള്‍ ചെയ്യേണ്ടത് ഇത്രമാത്രം :
വേതനസുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ്/ കൊമേഴ്സ്യല്‍ ബാങ്കുകളില്‍ കറന്റ് അക്കൗണ്ട് തുടങ്ങണം.
തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ 1960ലെ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം
വേതന സുരക്ഷാ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ലഭിച്ച റജിസ്ട്രേഷന് നമ്പര്‍ തന്നെ ആദ്യത്തെ യൂസര്‍ നെയിമായും പാസ്വേര്‍ഡായും ലോഗിന്‍ ചെയ്യണം. യൂസര്‍ നെയിമും പാസ്വേര്ഡും പിന്നീടു സൗകര്യാര്‍ഥം മാറ്റാം.
വേതന സുരക്ഷാ പദ്ധതിയുടെ വെബ്സൈറ്റിലേക്ക് http:/lc.kerala.gov.in എന്നതില്‍ നിന്നു പോകാം.
വേജസ് റജിസ്റ്റര്‍, റജിസ്റ്റര്‍ ഓഫ് ഫൈന്‍സ്, വേജസ് സ്ലിപ് എന്നിവ സൂക്ഷിക്കേണ്ട.
ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള പരിശോധന ഒഴിവാകും. തൊഴിലാളികള്‍ക്കു കൃത്യമായി വേതനം നല്കി സുതാര്യത ഉറപ്പാക്കാം.
തൊഴില്‍ വകുപ്പിനുള്ള നേട്ടം
മിനിമം വേതനം തൊഴിലാളികള്‍ക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാം
ഓഫിസ് പരിശോധന കൂടാതെ തന്നെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു കണ്ടെത്താം.
Discussion about this post