ലുധിയാന: പഞ്ചാബില്‍ 25 ലക്ഷം അംഗത്വം ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എ.എ.പിയുടെ അംഗത്വ ക്യാംപെയ്ന്. പ്രതിദിനം 3000 അംഗത്വ വിതരണ സ്റ്റോളുകള്‍ വീതം സ്ഥാപിക്കുമെന്ന് പാര്‍ട്ടിയുടെ സോണല്‍ കോര്‍ഡിനേറ്റര്‍ സി.എം ലഖന്പാല് പറഞ്ഞു.
സോഷ്യല്‍ മീഡിയ മുഖേനയും അംഗത്വം സ്വീകരിക്കും. ബി.ജെ.പിയുടെ മാതൃകയില്‍ മിസ്ഡ് കോള്‍ അംഗത്വ പ്രചരണത്തിനും എ.എ.പി തുടക്കമിട്ടു. മിസ് കോളിലൂടെ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8007006003 എന്ന നമ്പരിലേക്കാണ് മിസ്ഡ് കോള്‍ അടിക്കേണ്ടത്. ഒരു അസംബ്ലി നിയോജക മണ്ഡലത്തില്‍ 20,000 അംഗങ്ങള്‍ വീതം ആകെ 25 ലക്ഷം അംഗങ്ങളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ഈ മാസം 20ന് ആരംഭിച്ച അംഗത്വ ക്യാംപെയ്ന് 31ന് അവസാനിക്കും. അംഗത്വ പ്രചരണം പൂര്‍ത്തിയായാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 39 ജനസഭകള്‍ സംസ്ഥാനമൊട്ടാകെ നടത്തും. പാര്‍ട്ടിയുടെ കേന്ദ്രസംസ്ഥാന നേതാക്കള്‍ ജനസഭയില്‍ പങ്കെടുക്കും.
Discussion about this post