കോഴിക്കോട്: കൊളത്തൂർ അദ്വൈതാശ്രമത്തിലെ അന്തേവാസിക്ക് കൊറോണയെന്ന് തെറ്റായി പ്രചരിപ്പിക്കുന്ന പത്രക്കുറിപ്പുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അമ്പത്തഞ്ചു വയസ്സുകാരൻ അദ്വൈതാശ്രമത്തിലെ അന്തേവാസിയാണെന്നായിരുന്നു സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ വാർത്ത വാസ്തവ വിരുദ്ധമാണെന്ന് മഠാധിപതി സ്വാമി ചിദാനന്ദപുരി വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചതോടെ തെറ്റു തിരുത്തി തടി തപ്പിയിരിക്കുകയാണ് പബ്ലിക് റിലേഷൻസ് വകുപ്പ്.
ആശ്രമത്തിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് കഴിഞ്ഞ ദിവസം പൊലീസ് അന്വേഷിച്ചിരുന്നു. ഇല്ലെന്ന് ആശ്രമം ഭാരവാഹികൾ മറുപടിയും നൽകിയിരുന്നു. എന്നിട്ടും വൈകീട്ടത്തെ വാർത്താക്കുറിപ്പിൽ ആശ്രമത്തിന്റെ പേര് ഉൾപ്പെടുത്തിയതാണ് വിവാദമായത്. രോഗം സ്ഥിരീകരിച്ച ജില്ലയിലെ മറ്റ് ആറ് പേരുടെയും മേൽവിലാസം വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന സർക്കാർ, ഇല്ലാത്ത കൊവിഡ് രോഗിയുടെ പേരുമായി ബന്ധപ്പെടുത്തി ആശ്രമത്തിന്റെ പേര് ഉപയോഗിച്ചതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കൊവിഡ് ബാധ വ്യാപകമായ നാളുകൾ തൊട്ട് ആശ്രമത്തിൽ പുറത്തു നിന്നുള്ളവർക്ക് പ്രവേശനമോ താമസ സൗകര്യമോ നൽകാറില്ലെന്ന് ഭാരവാഹികൾ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു തെറ്റ് കടന്നു കൂടിയത് എങ്ങനെയെന്ന് അന്തേവാസികളും ഭാരവാഹികളും ആശ്ചര്യപ്പെടുകയാണ്.











