തൊടുപുഴ : പമ്പ്ഹൗസുകളുടെ രൂപവും ഭാവവും അടിമുടിമാറ്റാന്‍ സംസ്ഥാനത്ത് പമ്പ്ഹൗസുകള്‍ക്കു മാത്രമായി പുതിയനയം വരുന്നു. പഴയ പമ്പുകള്‍ക്കു പകരം പ്രവര്‍ത്തനശേഷി കൂടിയവ സ്ഥാപിച്ചു വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിന്റെ അളവുകൂട്ടാനും ജല അതോറിറ്റിയുടെ വൈദ്യുതി ചെലവു പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നയംരൂപീകരിക്കുന്നത്.
ദശാബ്ദങ്ങള്‍ പഴക്കമുള്ളതിനാല്‍ കാര്യക്ഷമത കുറഞ്ഞ പമ്പുകള്‍ വാട്ടര്‍അതോറിറ്റിയുടെ വൈദ്യുതി ചെലവ് ഇരട്ടിയാക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. തേയ്മാനം സംഭവിച്ച പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 240 കോടി രൂപയാണു വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വാട്ടര്‍അതോറിറ്റി അധികമായി കെഎസ്ഇബിക്കു നല്‍കുന്നത്.
കേരളത്തില്‍ ചെറുതും വലുതുമായ 1241 ശുദ്ധജലപദ്ധതികളാണുള്ളത്. ഇതിലെല്ലാം മൂന്നുവരെ പമ്പ് സെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും കേടായതുമായ പമ്പുകള്‍ ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയനയത്തിനു രൂപം നല്‍കിയതെന്നു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കരടുരൂപം തയാറാക്കി വരുന്നതായും ഈവര്‍ഷം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പാനല്‍ബോര്‍ഡ്, പമ്പ്‌സെറ്റ്, ട്രാന്‍സ്‌ഫോര്‍മര്‍, കേബിള്‍ ട്രാന്‍സ്ഫര്‍ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും, പുതിയവ സ്ഥാപിച്ചും കാര്യക്ഷമത കൂട്ടുകയാണു പമ്പ്ഹൗസ് നയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൈദ്യുതി ചെലവ് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് ജലഅതോറിറ്റിയുടെ കണക്കുകൂട്ടല്‍. പമ്പ്ഹൗസുകള്‍ നവീകരിച്ചു പുതിയമുഖം നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
ഘട്ടം ഘട്ടമായി ഇതു സംസ്ഥാനത്തു നടപ്പാക്കും. പൈപ്പുകള്‍ പൊട്ടുന്നതു തലവേദനയായപ്പോള്‍ 2013ല്‍ പുതിയ പൈപ്പ് നയത്തിനു വാട്ടര്‍അതോറിറ്റി രൂപംനല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പമ്പുഹൗസുകള്‍ക്കു മാത്രമായി നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post