ഗുരുവായൂർ : പുതിയ സ്ട്രീറ്റ് ലൈറ്റുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നതു വരെ ഫ്യൂസ് ഊരി വച്ച് സിപിഎം പ്രവർത്തകർ.ചാവക്കാട് മാടയക്കടവിൽ ഇന്നലെ രാത്രിയാണ് സംഭവം.ചാവക്കാട് നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് ബുധനാഴ്ച തന്നെ സ്ട്രീറ്റ് ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു.അന്ന് ലൈറ്റുകൾ മുഴുവൻ കത്തിയിരുന്നതുമാണ്.പിറ്റേന്ന്,ഏതാനും സ്ട്രീറ്റ് ലൈറ്റുകൾ കൂടി ഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാത്രിയായിട്ടും വിളക്കുകൾ കത്താത്തതിനെ തുടർന്ന് ഇലക്ട്രിസിറ്റി ജീവനക്കാരെ വിളിച്ചു വരുത്തി തദ്ദേശവാസികൾ പരിശോധിച്ചപ്പോഴാണ് ഫ്യൂസ് ഊരി വെച്ചതായി കണ്ടത്.വെള്ളിയാഴ്ച ഗുരുവായൂർ എംഎൽഎ വന്ന് ഉദ്ഘാടനം ചെയ്യാൻ വേണ്ടി സിപിഎം പ്രവർത്തകർ ഫ്യൂസ് ഊരി വെക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി.
തെരുവു നായ്ക്കളും പാമ്പുകളും ഇടവഴികളിൽ ധാരാളമുള്ള സ്ഥലമാണിത്. പിറ്റേദിവസം എംഎൽഎ വന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ മാത്രം കത്തുവാൻ വേണ്ടി സ്ട്രീറ്റ് ലൈറ്റുകളുടെ ഫ്യൂസ് ഊരി വെച്ചതിൽ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപി പ്രവർത്തകർ, ലൈറ്റുകൾ ഓണായ ശേഷമാണ് പിൻവാങ്ങിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.












