തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടുണ്ട്. പിണറായി രാജി വെക്കുന്നതു വരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജന്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്. കോവിഡ് കാലത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സര്‍ക്കാരാണ്. സര്‍ക്കാര്‍ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുന്നു.
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കി. സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ഇത്രയേറെ ആരോപണങ്ങള്‍ ഉണ്ടായിട്ടും ഒരു അന്വേഷണവും നടത്തില്ലന്ന ധാര്‍ഷ്ട്യം അംഗീകരിക്കില്ല. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരു സ്ത്രീ കള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി നേടിയത് എങ്ങനെയാണെന്നും അന്വേഷിക്കേണ്ടതുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച എന്‍ഐഎ അന്വേഷണമല്ലാതെ ഒരന്വേഷണവും ഉണ്ടാകില്ലന്ന നിലപാട് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ സര്‍ക്കാരിന് തിരുത്തേണ്ടി വരും. വരും ദിവസങ്ങളില്‍ കേരള മെമ്പാടും മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സമാധാനപരമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
Discussion about this post