വാഷിംഗ്ടൺ: ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് 19 രോഗബാധ വ്യാപിക്കാൻ കാരണം ചൈനയും ലോകാരോഗ്യ സംഘടനയുമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷക. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തുന്നു. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗവ്യാപനം പടരുന്നത് മറച്ചുവെക്കാൻ ആദ്യ നാളുകളിൽ ചൈന ശ്രമിച്ചതിന്റെ പരിണിത ഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നതെന്ന് ലീ മെംഗ് യാൻ ആരോപിക്കുന്നു. വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അധികൃതർ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അന്ന് ഗവേഷണം നടത്താന്‍ ശ്രമിച്ച വൈറസ് രോഗമാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ്-19 എന്ന മഹാമാരി. അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
രോഗം മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് ഡിസംബർ 31ന് തന്നെ ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ തന്നെ മറ്റ് ചില ഗവേഷകരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ അപ്പോഴും ചൈനയും ലോകാരോഗ്യ സംഘടനയും നിസ്സംഗത തുടർന്നു. മാത്രമല്ല രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നുള്ള ലോകാരോഗ്യ സംഘടനയുടെ ജനുവരി 9ലെ വിചിത്ര വാദവും ദുരൂഹമാണ്. ലോകാരോഗ്യ സംഘടനയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള പരസ്പര ധാരണകളെപ്പറ്റി ആറിയാമായിരുന്നിട്ടും ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ആവത് ശ്രമിച്ചു. എന്നാൽ പരാജയപ്പെടുകയായിരുന്നുവെന്നും ഡോക്ടർ ലീ മെംഗ് യാൻ വ്യക്തമാക്കി.
ലോകത്തിന് തെറ്റായ വിവരങ്ങൾ നൽകുന്നത് ചൈനയും ലോകാരോഗ്യ സംഘടനയും ഇപ്പോഴും തുടരുകയാണ്. വധഭീഷണി നേരിട്ടത് കൊണ്ടാണ് അമേരിക്കയിലേക്ക് പലായനം ചെയ്തതെന്നും അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തുന്നു.











