ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിപ്രദേശത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് സൈന്യം വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും തുടരുന്നത്.
വടക്കന്‍ കശ്മീരില്‍ കുപ്‌വാരയില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു. ശ്രീനഗറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ സൈന്യത്തോടു തീവ്രവാദികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഒരു ജവാനു പരുക്കേറ്റു. മൂന്ന് എകെ 47 തോക്കുകളും തിരകളും ചൈനീസ് നിര്‍മിത ഗ്രനേഡുകളും രണ്ടു ഭൂപടങ്ങളും റേഡിയോ സെറ്റുകളും കണ്ടെടുത്തു.
60 എംഎം മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക്ക് തോക്കുകളും ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഞായറാഴ്ച്ച രാത്രിയാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്. ഇന്ത്യയും തക്കതായ തിരിച്ചടി നല്‍കി. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം പൊളിഞ്ഞതിന് പിന്നാലെയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് തുടങ്ങിയത്. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കും സമവായത്തില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
Discussion about this post