തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെടി ജലീലും. ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ഇത് ഇതിനോടകം തന്നെ ബിജെപിയും കോൺഗ്രസ്സും ആയുധമാക്കിയിട്ടുണ്ട്. മന്ത്രി ജലീലിൻറെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.
സർക്കാരിലെ പല പ്രമുഖരേയും സ്വപ്നയും സരിത്തും ഫോൺ വഴി ബന്ധപ്പെട്ടതായാണ് കോൾ ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ നിന്നും വ്യക്തമാണ്.
ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്ന് സ്വപ്നയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനിൽ നിന്നും വ്യക്തമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഭരണപക്ഷം പ്രതിസന്ധിയിൽ നിൽക്കെ വിമർശകർക്ക് വ്യക്തമായ ആയുധമാകുകയാണ് സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ. എന്നാൽ യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്നാണ് മന്ത്രി കെ ടി ജലീലിന്റെ വിശദീകരണം.












