ഇസ്ലാമാബാദ് : നരേന്ദ്ര മോദിയുടെ ഇന്ത്യ വന്‍ശക്തിയാണെങ്കില്‍ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആണവായുധങ്ങളുള്‍പ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാന്‍ എല്ലാ തരത്തിലും ശക്തമാണ്. ഇന്ത്യയുടെ തന്ത്രങ്ങള്‍ ഒന്നും തന്നെ പാക്കിസ്ഥാനെതിരെ നടപ്പിലാകില്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ സത്യസന്ധത പുലര്‍ത്തണമെന്നും അസീസ് ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ ഇന്ത്യ തയാറാവണം. കശ്മീരിലെ ജനങ്ങളുടെ വിധി അവര്‍ തന്നെ തീരുമാനിക്കട്ടെ. പാക്കിസ്ഥാനില്‍ ഭീകരവാദം വളര്‍ത്താന്‍ ഇന്ത്യ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അസീസ് വ്യക്തമാക്കി. നേരെ മറിച്ച് തെളിവുകള്‍ ഒന്നും തന്നെ കൈയ്യിലില്ലാതെയാണ് ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പറയുന്നത്. തെളിവുകളെക്കാള്‍ കള്ളപ്രചാരണങ്ങള്‍ നടത്തുന്നതിലാണ് ഇന്ത്യക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അസീസ് കുറ്റപ്പെടുത്തി.
ഇന്നലെ നടക്കാനിരുന്ന ഇന്ത്യാ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു പാക്കിസ്ഥാന്‍ പിന്മാറിയിരുന്നു. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ-പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പിന്മാറ്റം. ചര്‍ച്ചയ്ക്കായി ഇന്ത്യ ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു പാക്കിസ്ഥാന്റെ നടപടി.
Discussion about this post