ചെന്നൈ: വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ തമിഴ്നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് ആയിരം കോടിയോളം രൂപ പിരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. രാമേശ്വരം ക്ഷേത്രം, തൃച്ചെന്തൂർ ക്ഷേത്രം, കപാലീശ്വര ക്ഷേത്രം എന്നിവയുൾപ്പെടെ ചെറുതും വലുതുമായ 17 ക്ഷേത്രങ്ങളോടാണ് എച്ച് ആർ ആൻഡ് സി ഇ കമ്മീഷണർ നേരിട്ട് തുക ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തുക സമാഹരിക്കാൻ കഴിയുന്ന വിധത്തിൽ സഹകരിക്കാൻ സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമീണ ക്ഷേത്രങ്ങളുടെ നവീകരണത്തിനെന്ന പേരിലാണ് തുക സമാഹരിക്കാൻ നീക്കം നടക്കുന്നത്. എന്നാൽ ഇത് പൊള്ളത്തരമാണെന്നും തുക വക മാറ്റുമെന്നത് മുൻകാല അനുഭവങ്ങളിൽ നിന്നും വ്യക്തമാണെന്നും ഭക്തജന സംഘടനകൾ ആരോപിക്കുന്നു. ക്ഷേത്ര വരുമാനത്തിൽ നിന്നും പണം സ്വരൂപിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച മെയ് മാസത്തിലെ ഉത്തരവും ഹൈന്ദവ ആരാധനാലയ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സംസ്ഥാനത്ത് സമാനമായ രീതിയിൽ നടന്ന ക്രമക്കേടുകളും ഭക്തജനങ്ങൾ ഓർമ്മിപ്പിക്കുന്നു. കന്തല്ലൂർ അണ്ണാമലയാർ ക്ഷേത്രത്തിന്റെ അധീനതയിലുള്ള 4 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് മുസ്ലീം പള്ളി പണിയാൻ മറിച്ചു വിറ്റ നടപടിയും മദ്രാസ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിന്റെ പേരിൽ നടന്ന അമ്പത് കോടി രൂപയുടെ അഴിമതിയും ഹൈന്ദവ സംഘടനകൾ വെളിച്ചത്ത് കൊണ്ടു വന്നിരുന്നു.
ഇത്തരത്തിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളും അഴിമതികളും ചൂണ്ടിക്കാട്ടി പുതിയ നീക്കത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഹൈന്ദവ ആരാധനാലയ സംരക്ഷണ സമിതി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾക്ക് മേൽ നടക്കുന്ന ഇത്തരം അധിനിവേശ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനാ നേതാവ് ടി ആർ രമേശ് വ്യക്തമാക്കുന്നു. ക്രൈസ്തവ- മുസ്ലീം ദേവാലയങ്ങളിൽ നിന്നും ഒരു രൂപയുടെ പോലും പിരിവ് ചോദിക്കാൻ മടിക്കുന്ന അധികാരികൾ അവസരം മുതലാക്കി ആയിരക്കണക്കിന് കോടി രൂപ ഹൈന്ദവ ദേവാലയങ്ങളിൽ നിന്നും കൈയ്യിട്ട് വാരാൻ നടത്തുന്ന ഹീനമായ നീക്കം ചെറുക്കപ്പെടുമെന്ന് വിവിധ ഹൈന്ദവ സംഘടനകളും വ്യക്തമാക്കുന്നു.
Discussion about this post