ഛബ്ബാര്‍ സഹദെന്‍ തീവണ്ടിപ്പാതാ നിര്‍മ്മാണത്തില്‍ ഇറാന്‍ ഇന്ത്യയോട് തീര്‍ച്ചയായും സഹകരിക്കുമെന്ന് ഇറാന്‍ റെയില്‍വേ മന്ത്രി അറിയിച്ചു. ഇന്ത്യ ഈ പദ്ധതിയുടെ ഭാഗമായിരിക്കില്ലെന്ന് നേരത്തേ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ തീവണ്ടിപ്പാതയുടെ ഉദഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഭാഗത്തു നിന്ന് ആരും പങ്കെടുത്തിരുന്നുമില്ല. ഈ പദ്ധതിയില്‍ ഇറാന്‍ ഇന്ത്യയുമായുള്ള സഹകരണം കുറയ്ക്കുകയാണോ എന്ന സംശയങ്ങള്‍ക്കിടയിലാണ് ഇറാനിയന്‍ റെയില്‍വേ മന്ത്രി അങ്ങനെയല്ല കാര്യങ്ങളെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചത്. പെട്ടെന്ന് ഇറാന്റെ മനസ്സുമാറാനുള്ള കാരണം വ്യക്തമല്ല.
അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന ഇറാന്റെ തുറമുഖമായ ഛബാര്‍ തുറമുഖത്തിന്റെ വികസനം ഇന്ത്യയുടെ എക്കാലത്തേയും തന്ത്രപരമായ ആവശ്യമായിരുന്നു. ഇതിനുവേണ്ടി ഇന്ത്യ തുറമുഖവികസനത്തില്‍ ഇറാനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ തുറമുഖ പദ്ധതിയില്‍ 150 ദശലക്ഷം ഡോളറിലധികം ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാനു നല്‍കിയിട്ടുണ്ട്.
തുറമുഖപദ്ധതിസ്ഥലത്തുനിന്ന് ഇറാനിലെ ബലൂചിസ്ഥാന്‍ ഭാഗമായ സഹദെന്‍ വരെ പോകുന്ന റെയില്‍പ്പാതയിലും ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടാകുമെന്നാണ് നേരത്തേ വിവരങ്ങള്‍ ലഭിച്ചിരുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മാണക്കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ക്ഷന്‍ കമ്പനിയുടെ (IRCON) സഹകരണവും ഈ പദ്ധതിയില്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഇന്ത്യന്‍ സാന്നിദ്ധ്യമില്ലാതെ ഇറാന്‍ തന്നെ ഉത്ഘാടനച്ചടങ്ങ് നടത്തിയത്.
എന്നാല്‍ ഇറാനിയന്‍ റെയില്‍ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ഛബ്ബാര്‍ സഹദെന്‍ തീവണ്ടിപ്പാതാ നിര്‍മ്മാണത്തിലും ഇന്ത്യന്‍ സഹകരണമുണ്ടാകും. ഛബ്ബാര്‍ തുറമുഖവും ഇവിടെ നിന്ന് പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും അതിര്‍ത്തിക്ക് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള സഹദെനിലേക്കുള്ള തീവണ്ടിപ്പാതയും പ്രദേശത്തെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാനെ ഒഴിവാക്കിയുള്ള ചരക്കു ഗതാഗത പാതയും. അതിനോടൊപ്പം പാക് ബലൂചിസ്ഥാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ ഇന്ത്യന്‍ സ്വാധീനവും ഇന്ത്യയുടെ ഭൗമരാഷ്ട്രീയ ശാക്തീകരണത്തില്‍ നിര്‍ണ്ണായക പങ്കാകും വഹിയ്ക്കുക.













Discussion about this post