തീപിടിച്ച കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടിയ കുട്ടികളെ കെട്ടിടത്തിനു താഴെ നിന്നിരുന്ന ആള്ക്കാര് അത്ഭുതകരമായി രക്ഷപെടുത്തി. ഫ്രാന്‍സിലെ ഗ്രനോബിള്‍ നഗരത്തിലാണ് ഈ സംഭവം നടന്നത്. ഒരു അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. വലിയ തോതില്‍ കറുത്ത പുകയും തീയും വമിക്കുകയായിരുന്ന കെട്ടിടത്തില്‍ നിന്ന് പത്ത് വയസ്സുള്ള കുട്ടിയും അവന്റെ സഹോദരനായ മൂന്നുവയസ്സുകാരനുമാണ് ജനലിലൂടെ താഴേക്ക് ചാടാന്‍ തുനിഞ്ഞത്.
ജനാലയില്‍ തൂങ്ങി നില്ക്കുന്ന മൂന്നുവയസ്സുകാരന്റെ അത്യന്തം അപകടകരമായ സാഹസം കണ്ട് താഴെ നിന്ന ജനക്കൂട്ടത്തിലെ ചിലര്‍ ഈ കുട്ടികളോട് അവരുടെ നീട്ടിപ്പിടിച്ച കൈകളിലേക്ക് ചാടാന്‍ ആവശ്യപ്പെടുകയായിരുന്നു, അലറിക്കൊണ്ട് താഴേക്ക് ചാടിയ ആ മൂന്നുവയസ്സുകാരനെ വിജയകരമായി അവര്‍ രക്ഷപെടുത്തി. അതിനു ശേഷം ആത്മവിശ്വാസം നേടിയ രക്ഷകര്‍ പത്ത് വയസ്സുകാരന് സഹോദരനോടും ചാടാന്‍ ആവശ്യപ്പെടുകയും അവനും അവരുടെ കൈകളിലേക്ക് ചാടി രക്ഷപെടുകയും ചെയ്തു.
പത്തില്‍ താഴെ ആള്ക്കാര് ചേര്‍ന്നാണ് ഈ കുട്ടികളെ രക്ഷിച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപായമില്ല. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എടുത്ത് ചാടിയ കുട്ടികളെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി. അവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണ്. പുക ശ്വസിച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച അപ്പാര്‍ട്ട്മെന്റിലെ പതിനേഴു പേരെയും കുട്ടികളെ രക്ഷിച്ച നാലു പേരേയും ഡോക്ടര്‍മാര്‍ പരിശോധിച്ചു. ചെറിയ പരിക്കുകള്‍ കൈകള്ക്കുണ്ടെങ്കിലും ആര്‍ക്കും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല.
‘ഗ്രനോബിളിലെ ധീരന്മാരായ പൗരന്മാരെ എങ്ങനെ അഭിനന്ദിക്കണമെന്നറീയില്ല’. മേയര്‍ എറിക് പിയോലി ഫെയിസ്ബുക്കില് കുറിച്ചു. ‘കോവിഡ്19ന്റെ ആഘാത സമയത്ത് സമൂഹം എത്രത്തോളം സഹകരണത്തോടെയാണ് ജീവിച്ചതും പരസ്പരം സഹായിച്ചതെന്നും നാം കണ്ടു. അതിനൊപ്പം ഇക്കാര്യം കൂടി. ചെറിയ പരിക്കുകളുണ്ടെങ്കിലും അവര്‍ വേഗം സുഖപ്പെടട്ടെ.’ അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം.
Discussion about this post