ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് ഭൂമിപൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാം തീയതി ദീപാവലിക്ക് സമാനമായ ആഘോഷങ്ങളൊരുക്കാൻ തയ്യാറായി ഭക്തജനങ്ങൾ. രാവണ നിഗ്രഹത്തിന് ശേഷം സീതാ ലക്ഷ്മണ സമേതനായി അയോധ്യയിൽ പുനഃപ്രവേശിച്ച ഭഗവാൻ ശ്രീരാമനെ സ്വീകരിക്കാൻ ദീപം തെളിയിച്ചതിനെ അനുസ്മരിപ്പിക്കും വിധം സന്ധ്യാസമയത്ത് രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ഭവനങ്ങളിലും രാമദീപം തെളിയിക്കാനൊരുങ്ങുകയാണ് രാമഭക്തർ.
സാമൂഹിക അകലം പാലിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയരായി രാമദീപം തെളിയിക്കാൻ ഭക്തജനങ്ങൾക്ക് ആഹ്വാനം നൽകാനൊരുങ്ങുകയാണ് വിവിധ ഹൈന്ദവ സംഘടനകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിക്ക് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നേതൃത്വം നൽകും.
എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി ഇരുനൂറ് പേർക്കേ ഭൂമിപൂജയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കൂ. ഈ അവസരത്തിൽ രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ഭക്തജന ഭവനങ്ങളിലും ദീപം കൊളുത്താനും പുഷ്പവൃഷ്ടി നടത്താനും വി എച്ച് പി ആഹ്വാനം ചെയ്തു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഭക്തർ ചടങ്ങുകൾ ടിവിയിൽ വീക്ഷിച്ചാൽ മതിയെന്നും വി എച്ച് പി നേതാവ് മിലിന്ദ് പരന്ദേ ആവശ്യപ്പെട്ടു.
രാവിലെ 10.30ന് തന്നെ ചടങ്ങുകൾ ആരംഭിക്കേണ്ടതാണെന്ന് പൂജാരിമാർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം തെളിയിക്കുന്ന ദീപങ്ങളിൽ കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post