ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,28,000 കൊറോണ പരിശോധനകള്‍ നടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പരിശോധനയാണ് ഇത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കൊറോണ പരിശോധനയുടെ എണ്ണം വര്ധിപ്പിക്കാനായതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. ഇതിനു മുമ്പ് ജൂലൈ 26 നായിരുന്നു ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്, 5,15,000.
പ്രതിദിനം 10 ലക്ഷം സാംപിള്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഉടന്‍ സജ്ജീകരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടിയല്‍ കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രത്യാശ നല്‍കിക്കൊണ്ട് കൊറോണ മരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ പറയുന്നു. നിലവില്‍ 2.28 ശതമാനമാണ് മരണനിരക്ക്.
”ഫലപ്രദമായ രോഗപ്രതിരോധം, ഊര്‍ജ്ജസ്വലമായ കൊവിഡ് പരിശോധന, അണുവിമുക്തമായ ആരോഗ്യപരിരക്ഷയും ആരോഗ്യസുരക്ഷാസംവിധാനങ്ങളും സമഗ്രമായ ചികില്സാമാനദണ്ഡങ്ങള് തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ടാണ് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ മരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത് 2.28 ശതമാനമാണ്. രോഗമുക്തിവരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്”-ആരോഗ്യമന്ത്രാലയം അറിയിച്ചു.
”തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗമുക്തരായവരുടെ എണ്ണം 30,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 31,991 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 9 ലക്ഷം പേരുടെ രോഗം ഭേദമായിട്ടുണ്ട്. രോഗമുക്തി നിരക്ക് 64 ശതമാനമാണ്”- ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post