തിരുവനന്തപുരം: ആർ എസ് എസ് ബന്ധത്തിന്റെ പേരിൽ കോടിയേരിയും ചെന്നിത്തലയും തമ്മിൽ കൊമ്പ് കോർക്കവെ താൻ മുൻപ് ആർ എസ് എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രൻ പിള്ള. ആർ എസ് എസ് ശാഖയുമായി തനിക്ക് രണ്ട് വർഷം ബന്ധമുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് താൻ കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞതെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
എസ് രാമചന്ദ്രൻ പിള്ള ആർ എസ് എസ് പ്രവർത്തകൻ മാത്രമായിരുന്നില്ലെന്നും അദ്ദേഹം കായംകുളത്ത് ആർ എസ് എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരൻ ആയിരുന്നുവെന്നും ജന്മഭൂമി എഡിറ്റർ പി ശ്രീകുമാർ കഴിഞ്ഞ ദിവസം തന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹം ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ സ്വയംസേവകനായിരുന്നു. ആർ എസ് എസ് പ്രവർത്തന ശിബിരത്തിൽ പങ്കെടുത്തിരുന്ന എസ് ആർ പി ശാഖാ ശിക്ഷക് ആയിരുന്നുവെന്നും ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ എസ് എസുകാരുടെ മാനപുത്രനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. തന്റെ ഡി എൻ എ ജനങ്ങൾക്കറിയാമെന്ന് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എസ് ആർ പിയുടെ ആർ എസ് എസ് ബന്ധം ചൂണ്ടിക്കാണിക്കപ്പെട്ടതും അതിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയതും. ഇതോടെ സിപിഎം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.
Discussion about this post