തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍. നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. മിനിസിപ്പാലിറ്റികള് തിരികെ പഞ്ചായത്തുകളായി മാറ്റാന്‍ കഴിയില്ല. മുനിസിപ്പിലാറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ കേന്ദ്രസഹായം കുറയുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.
ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന വിധത്തിലുള്ള സമയക്രമീകരണമാണു സര്‍ക്കാര്‍ തയാറാക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് ഇതിനോട് യോജിച്ചാല്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കു മാറ്റിവയ്ക്കും. ആ കാലയളവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനാണ് ആലോചന. ഇന്നലത്തെ യു.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഹൈക്കോടതിയെ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ അറിയിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഹൈക്കോടതിയെ കാര്യങ്ങള്‍ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമ്മതിച്ചതായി പിന്നീട് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി. തങ്കച്ചനും അറിയിച്ചു. അന്തിമ തീരുമാനം ഹൈക്കോടതിയില്‍ നിന്നേ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നത്തെ സാഹചര്യത്തില്‍ ഒരുമാസം തെരഞ്ഞെടുപ്പ് നീട്ടിയാല്‍ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നു കമ്മിഷനെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനുള്ള സമയക്രമം തീരുമാനിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Discussion about this post