ഡൽഹി: ഉത്തർ പ്രദേശിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രഭൂമിയിൽ അനധികൃതമായി നിർമ്മിച്ച പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്. ക്ഷേത്രഭൂമിയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് സംഘടന രൂപീകരിച്ചത്. ആചാര്യ ദേവ് മുരാരി ബാപുവാണ് ഇതിന്റെ അദ്ധ്യക്ഷൻ. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്നാണ് പ്രസ്ഥാനം ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ നാലര ഏക്കർ ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അവിടെ മത- സാംസ്കാരിക ചടങ്ങുകൾ നടത്താനായി ഹാൾ നിർമിക്കണമെന്നുമാണ് ക്ഷേത്രം അധികൃതരുടെ ആവശ്യം. കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് ആചാര്യ ദേവ് മുരാരി ബാപു പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച സാഹചര്യത്തിൽ മഥുര കൃഷ്ണ ജന്മഭൂമിയുടെ മോചനവും വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവുമാണ് അടുത്ത അജണ്ടയെന്ന് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കിയിരുന്നു.
Discussion about this post