ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ പുതിയ മേധാവിയെ തീരുമാനിക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നു. പ്രസിഡണ്ട് സ്ഥാനം രാഹുൽ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്.
രാജസ്ഥാനിലെ കോൺഗ്രസ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ചതിനു ശേഷമാണ് ഇത്തരത്തിലൊരു ആവശ്യം പാർട്ടിക്കുള്ളിൽ നിന്നുയരുന്നതെന്നാണ് സൂചന. അതിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്ക് നൽകുന്നുവെന്ന് വെർച്വൽ വാർത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞിരുന്നു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സാധ്യതയെക്കുറിച്ചും വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളുയർന്നിരുന്നു. ഭാവിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നായിരുന്നു സുർജേവാലയുടെ മറുപടി അതേസമയം, പാർട്ടി പ്രസിഡന്റായി ചുമതലയേൽക്കാൻ രാഹുലിന് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മോദി സർക്കാരിനെതിരെ ശക്തമായി പോരാടുന്ന നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡണ്ടായി കാണാനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും സുർജേവാല കൂട്ടിച്ചേർത്തു.
സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നത്. രാജസ്ഥാനിലെ പാർട്ടി പ്രതിസന്ധി പരിഹരിച്ചതിന് കോൺഗ്രസ് പൂർണ ബഹുമതി രാഹുലിന് നൽകുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടും വിശ്വാസവുമാണ് ഇതിന് കാരണമെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടതായി സുർജേവാല പറഞ്ഞു.
Discussion about this post