തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. ജലീൽ യുഎഇ കോൺസുലേറ്റുമായി നിരവധി തവണ ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോർട്ടു നൽകി. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ലംഘിച്ച ജലീൽ 2018നുശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യു എ ഇ കോൺസുലേറ്റിൽ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
ചട്ടലംഘനം ബോദ്ധ്യപ്പെട്ടാൽ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെടും. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതു ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നതയാണ് വിവരം.
മതഗ്രന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നതും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. മതഗ്രന്ഥം ഉൾപ്പെടെയുള്ള പാഴ്സലുകൾ കോൺസുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നില്ല.
2018 മുതൽ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ മതഗ്രന്ഥങ്ങൾ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് ലോറിയിലെത്തിക്കുന്ന പാഴ്സലുകൾ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും മലപ്പുറത്തും പതിവായി വിതരണം ചെയ്തിരുന്നു. കോൺസുലേറ്റിലേക്കെത്തുന്ന പാഴ്സലുകളുടെ കാര്യവും പുറംകരാറുകളുടെ കാര്യവും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണ്.
അതേസമയം കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്ര ഏജൻസികൾ ഉടൻ മന്ത്രി കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.











