ന്യൂഡൽഹി : അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റും എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന നീറ്റ്,ജെഇഇ പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 11 വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.എന്നാൽ, നീണ്ട കാലത്തേക്ക് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
സെപ്റ്റംബർ 13 ന് നീറ്റും എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയും നടത്തുമെന്നാണ് കേന്ദ്രമന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചിട്ടുള്ളത്.കോടതി ഹർജി തള്ളിയ സ്ഥിതിക്ക് തീരുമാനിച്ച ദിവസങ്ങളിൽ തന്നെ പരീക്ഷകൾ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി മാറ്റി വെച്ച ശേഷമാണ് പരീക്ഷകളുടെ തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
Discussion about this post