ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാന്റെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇമ്രാന്റെ ഓഫീസിൽ ഖുറേഷി പ്രവേശിക്കുന്നത് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അസം ഖാൻ തടഞ്ഞു. ഇതിനെ തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഖുറേഷി ഖാന്റെ കരണത്തടിക്കുകയുമായിരുന്നു എന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഇമ്രാൻ ഖാൻ ചൊവ്വാഴ്ച ഖുറേഷിയെ സെക്രട്ടറിയേറ്റിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഖുറേഷി ഓഫീസിന് മുന്നിൽ എത്തിയത്. എന്നാൽ പ്രധാനമന്ത്രി ചർച്ചയിലാണെന്നും ഇപ്പോൾ കാണാൻ സാദ്ധ്യമല്ലെന്നും പറഞ്ഞ് അസം ഖാൻ ഖുറേഷിയെ തടഞ്ഞു. തുടർന്നാണ് അപമാനകരമായ സംഭവങ്ങൾ പാക് ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ അരങ്ങേറിയത്. ക്ഷുഭിതനായ പാക് വിദേശകാര്യ മന്ത്രി അസം ഖാനെ തല്ലിയതിനൊപ്പം ഇമ്രാൻ ഖാനെ കുറ്റപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സംഭവം ഷാ മുഹമ്മദ് ഖുറേഷിയും പാക് സർക്കാരും നിഷേധിച്ചിട്ടുണ്ട്.












