മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകനും മുതിർന്ന എൻ സി പി നേതാവ് ശരദ് പവാറിന്റെ ചെറുമകനുമായ പാർത്ഥ് പവാറിന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപി നേതൃത്വത്തിനും മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാരിനും തലവേദന സൃഷ്ടിക്കുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലെ പാർത്ഥിന്റെ ട്വീറ്റാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് ‘സത്യമേവ ജയതേ‘ എന്നാണ് പാർത്ഥ് പവാർ ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് പാർത്ഥ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യുന്നത്. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം എന്ന നിലപാടിലായിരുന്നു പാർത്ഥ് ആദ്യം മുതൽ തന്നെ ഉറച്ചു നിന്നിരുന്നത്. എന്നാൽ സിബിഐ അന്വേഷണത്തെ പിന്തള്ളുന്ന നിലപാടാണ് ശിവസേനയും സഖ്യകക്ഷിയായ എൻ സിപിയും ആദ്യം മുതലേ സ്വീകരിച്ചു വന്നിരുന്നത്.
നേരത്തെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പാർത്ഥ് പവാർ ശക്തമായി അനുകൂലിച്ചിരുന്നു. എൻസിപിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. ഈ സാഹചര്യത്തിൽ പ്രത്യേകിച്ച് എൻസിപിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് പരസ്യമായ തിരിച്ചടികൾ ലഭിക്കുന്ന പശ്ചാത്തലത്തിലെ ശരദ് പവാറിന്റെ ചെറുമകന്റെ നിലപാടുകൾ ബിജെപിയോട് ചേർന്നു നിൽക്കുന്നത് എൻസിപിയിൽ വളർന്നു വരുന്ന വിഭാഗീയതയുടെയും ചേരിപ്പോരിന്റെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post