ഇന്ത്യ-ചൈന വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷന്റെ പതിനെട്ടാമത് യോഗം ഇന്നലെ നടന്നു.യോഗത്തിൽ അതിർത്തി പ്രദേശങ്ങളിൽ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളും ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം നടത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ചൈന ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വളർച്ചയുണ്ടാകണമെങ്കിൽ അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. അതിർത്തിയിൽ നിന്നും സൈന്യം പിന്മാറിയെന്ന് ഉറപ്പാക്കുന്നതു വരെ നയതന്ത്ര, സൈനിക ചാനലുകൾ വഴി ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.








