ചെന്നൈ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പർ താരം സൂര്യ. കോവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക. തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം ആരാധകരുമായി പങ്കു വെക്കവെയാണ് താരം പ്രഖ്യാപനം നടത്തിയത്.
തമിഴ് സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഇതിനോടകം തന്നെ കൊവിഡ് ദുരിതാശ്വാസത്തിനായി സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും വലിയ തുക സംഭാവന നൽകാൻ സാധിക്കുന്നത് താരത്തിന്റെ വലിയ മനസ്സിന്റെ നന്മയാണെന്ന് സൂര്യ ആരാധകർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സൂര്യ അനാധരായ പെൺകുട്ടികൾക്കും രോഗബാധിതരായ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായങ്ങൾ ചെയ്യുന്നുണ്ട്.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയേറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തീയേറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി. സുധി കോങ്ക്ര സംവിധാനം ചെയ്യുന്ന സൂരരൈ പോട്ര് എന്ന ചിത്രത്തിൽ മലയാളി താരം അപർണ്ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം യൂട്യൂബിൽ ഹിറ്റാണ്. ആമസോൺ പ്രൈം വഴി ഒക്ടോബർ 30 നാണ് ചിത്രം റിലീസിനെത്തുക.
Discussion about this post