വയനാട്: വയനാട്ടിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളമുണ്ടയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. വെള്ളമുണ്ട കിണറ്റിങ്ങലിലുള്ള വീട്ടിൽ പുലർച്ചെയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടു. വീട്ടിൽ ലൈറ്റിട്ടപ്പോൾ സംഘം ഓടിപ്പോയതായി വീട്ടുടമയായ സ്ത്രീ പൊലീസിനോട് പറഞ്ഞു.
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. നിരവിൽ പുഴയിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘം തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിൽ എത്തിയിരുന്നു. ഇവർ വീടുകളിൽ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങി. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന. അരമണിക്കൂറോളം ഇവർ രണ്ട് സംഘങ്ങളായി ഇരുവീടുകളിലും ചിലവഴിച്ചെന്നും വിവരമുണ്ട്.
Discussion about this post