ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മുകശ്മീരിലെ ക്രിക്കറ്റ് വികസനത്തിനായി പിന്തുണ നല്‍കാമെന്ന് സുരേഷ് റെയ്ന. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് റെയ്നയും അറിയിച്ചത്. ഇപ്പോള്‍ വിരമിക്കലിന് ശേഷമുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
കേന്ദ്രഭരണപ്രദേശത്തിലെ കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാമെന്നാണ് റെയ്ന അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ഞാന്‍ ആര്‍ജിച്ചെടുത്ത കഴിവുകള്‍ അടുത്ത തലമുറക്ക് പകര്‍ന്ന് നല്‍കണമെന്നാണ് ആഗ്രഹം. കശ്മീരിലെ ഗ്രാമീണ മേഖലയിലെ സ്കൂളുകളിലേയും കോളജുകളിലേയും പ്രതിഭകളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി.
അഞ്ച് ഘട്ടമായി ട്രെയിനിങ് നടപ്പാക്കാനാണ് സുരേഷ് റെയ്നയുടെ പദ്ധതി. ഒന്നാംഘട്ടത്തില്‍ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തും. മാസ്റ്റര്‍ ക്ലാസുകള്‍ നല്കല്, വെല്ലുവിളികള്‍ നേരിടാനുള്ള പരിശീലനം, ഫിസിക്കല്‍ ഫിറ്റ്നസ്, സ്കില്‍ ട്രെയിനിങ് എന്നിവയാണ് മറ്റ് ഘട്ടങ്ങള്‍. ഇങ്ങനെ സമഗ്രമായി പരിശീലിപ്പിക്കാനാണ് പദ്ധതി.
Discussion about this post