ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ 0.5 ശതമാനം പേര് മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ മുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. 30,37,151 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുള്ളതെന്നും മന്ത്രാലയം വെള്ളിയാഴ്ച ചൂണ്ടിക്കാട്ടി. ആക്ടീവ് കേസുകളുടെ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. രണ്ട് ശതമാനം പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 3.5 ശതമാനം രോഗികള്‍ ഓക്സിജന്‍ നല്കാന് സംവിധാനമുള്ള കിടക്കകളില്‍ ചികിത്സയില്‍ കഴിയുന്നതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ മരണ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1.74 ശതമാനമാണ് നിലവിലെ മരണ നിരക്ക്. മരണ നിരക്ക് ആഗോള ശരാശരിയെക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,659 പേര് രാജ്യത്ത് രോഗ മുക്തരായി. തുടര്‍ച്ചയായി എട്ടു ദിവസങ്ങളില്‍ 60,000 ത്തിലധികം പേരാണ് രോഗ മുക്തി നേടുന്നത്. 77.15 ശതമാനമാണ് രോഗ മുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83,341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 1096 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 68,472 ആയി.
രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് ഈ അഞ്ച് സംസ്ഥാനങ്ങളെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലുളളവരില്‍ ഏറിയ പങ്കും തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ മൊത്തം ചികിത്സയിലുളളവരുടെ 62 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി അറിയിച്ചു.
Discussion about this post