സിക്കിം: നോർത്ത് സിക്കിമിലെ പതിനേഴായിരത്തി അഞ്ഞൂറ് അടി ഉയരത്തിൽ വഴി തെറ്റി തണുത്ത് മരവിച്ച് അലഞ്ഞ ചൈനീസ് കുടുംബത്തിന് രക്ഷകരായി ഇന്ത്യൻ സൈന്യം.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന ചൈനീസ് കുടുംബമാണ് നെഗറ്റീവ് താപനിലയിൽ മരണത്തെ മുഖാമുഖം കണ്ടത്. ഇവർ മേഖലയിൽ കുടുങ്ങിയത് മനസ്സിലാക്കിയ ഇന്ത്യൻ സൈന്യം ഉടനടി സ്ഥലത്തെത്തുകയും ചൈനീസ് കുടുംബത്തിന് ആവശ്യമായ വൈദ്യ സഹായവും ഓക്സിജനും ഭക്ഷണവും ചൂട് തങ്ങി നിൽക്കുന്ന വസ്ത്രങ്ങളും നൽകുകയും ചെയ്തു. സംഘം സമചിത്തത വീണ്ടെടുത്തപ്പോൾ അവരോട് ചോദിച്ച് ലക്ഷ്യസ്ഥാനം മനസ്സിലാക്കിയ ഇന്ത്യൻ സൈനികർ അതിർത്തി വരെ അവരെ അനുഗമിച്ചു.
അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ പരിശോധനക്ക് ശേഷം ചൈനയിലേക്ക് തിരികെ പ്രവേശിച്ച ചൈനീസ് കുടുംബം ഇന്ത്യക്കും ഇന്ത്യൻ പട്ടാളക്കാർക്കും നന്ദി അറിയിച്ചു. തങ്ങൾ കുടുങ്ങിക്കിടക്കുന്നത് മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ പാഞ്ഞെത്തുകയും സ്വന്തം കൈയ്യിൽ നിന്ന് ഭക്ഷണവും വസ്ത്രവും നൽകി നാട്ടിലെത്തിക്കുകയും ചെയ്ത ഇന്ത്യൻ സൈനികരുടെ മനുഷ്യസ്നേഹം ലോകത്തിന് തന്നെ മാതൃകയാണെന്ന് ചൈനീസ് സംഘം പ്രതികരിച്ചു.
Discussion about this post