പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്വിറ്ററിലൂടെ അപമാനിച്ചതിന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു.നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ ചെയർമാനായ പ്രിയങ്ക് കനൂൻഗോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ അഭ്യർത്ഥന മാനിച്ച് സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ 10 ദിവസം സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് സുബൈറിനോടൊപ്പം മറ്റു രണ്ടു പേർക്കെതിരെയും കേസ് ചാർജ് ചെയ്തിട്ടുണ്ട്.ആഗസ്റ്റ് 7 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജഗ്ദിഷ് സിംഗ് എന്ന ട്വിറ്റർ യൂസറുമായി സുബൈറിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ജഗ്ദിഷ് സിംഗിന് മറുപടി കൊടുക്കുന്നതിനു പകരം ആ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്ന പെൺകുട്ടിയുടെ ചിത്രത്തിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയാണ് മുഹമ്മദ് സുബൈർ ചെയ്തത്.
ആഗസ്ററ് 8 ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് സ്വമേധയാ കേസെടുക്കുകയും ഡൽഹി ഡിസിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ ആക്റ്റിനു കീഴിൽ സുബൈറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.









