തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെ അഞ്ചു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറുക.
ഇവര്‍ക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തില്‍ പോകും. രണ്ടു ദിവസം മുമ്പു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു.
ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്. നേരത്തെ മലപ്പുറം ജില്ല കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു. സന്ദര്‍ശനത്തില്‍ കലക്ടറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ഐസലേഷനിലേക്ക് മാറിയ മന്ത്രിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി പരിശോധനയ്ക്ക് വിധേയനായത്.
അണുനശീകരണത്തിന്റെ ഭാഗമായി ധനമന്ത്രിയുടെ ഓഫീസ് ഇന്ന് പ്രവര്‍ത്തിക്കില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടല്ല.
Discussion about this post