തിരുവനന്തപുരം : സമരക്കാരെ നേരിടാൻ 2,000 ഫൈബർ ലാത്തികൾ വാങ്ങാനൊരുങ്ങി കേരള പോലീസ്. സമരക്കാരെ നേരിടുന്ന ലാത്തികൾ പെട്ടെന്ന് ഒടിയുന്നവയാണെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ പരാതി ഉയർന്നിരുന്നു.ഇതേ തുടർന്നാണ് 30 ലക്ഷം രൂപ മുടക്കി ഒടിയാത്ത ലാത്തികൾ വാങ്ങാൻ കേരള പോലീസ് തീരുമാനിച്ചത്.16 ലക്ഷം രൂപ ചെലവിട്ട് 64 ബാരിക്കേഡുകളും കേരള പോലീസ് വാങ്ങും.
ലാത്തിക്ക് മൂന്നു വർഷത്തെ വാറണ്ടി നൽകണമെന്ന് അധികൃതർ ലാത്തി നിർമാതാക്കളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.3 മാസത്തിനകം ഫൈബർ ലാത്തി കേരള പോലീസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുള കൊണ്ടുള്ള ലാത്തികളാണ് കേരള പോലീസിന്റെ കൈവശം കൂടുതലായുള്ളത്. ഇടയ്ക്ക് പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.തുടർന്നാണ് ഫൈബർ ലാത്തികൾ വാങ്ങാനായി സേന തീരുമാനിച്ചത്. ലാത്തികൾ ലഭ്യമാവുന്ന മുറയ്ക്ക് എ.ആർ ക്യാമ്പുകളിലും സ്റ്റേഷനുകളിലും അവ വീതിച്ചു നൽകും.












