ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ വൻ ആയുധ ശേഖരം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. സൈന്യവും ജമ്മുകശ്മീർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്താനായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിൽ നിന്നാണ് ഈ ആയുധങ്ങളെത്തിയതെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി.
മൂന്ന് ചൈനീസ് പിസ്റ്റളുകൾ, ആറു മാഗസിനുകൾ, 11 ഗ്രനേഡുകൾ, ഒരു വയർലെസ് സെറ്റ്, ഒരു ഇമ്പ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി), 2 ബാറ്ററികൾ എന്നിവയാണ് തിരച്ചിലിൽ കണ്ടെത്തിയത്. പാക് അധീന കശ്മീരിൽ നിന്നും ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്തുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്താനായത്. പിടികൂടിയവർക്കെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നതെന്ന് ജമ്മുകശ്മീർ പോലീസ് പറഞ്ഞു.
Discussion about this post